രാത്രി ഏറെ വൈകിയിട്ടും, തന്റ്റെ ചാരുകസേരയിൽ ചാരിക്കിടന്നിരുന്ന വർഗ്ഗീസിന്റ്റെ മനസ്സിനെ നടുക്കിയ തണുപ്പ് മാറിയിരുന്നില്ല. മിഥുന മാസത്തിൽ തിമിർത്തൊഴുകുന്ന ചാലക്കുടിപ്പുഴയിൽ, അരയിൽ ഒരു കയറും കെട്ടി, അപ്പു എന്ന നായക്കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയത് ഏഴോ എട്ടോ മണിക്കൂറുകൾക്ക് മുൻപാണ്. ശരീരത്തെ വിറപ്പിച്ച തണുപ്പ് മാറി സമയം കുറേ ആയെങ്കിലും, മനസ്സ് ചഞ്ചലമാണ്. വർഗ്ഗീസ് ഇന്ന് പുഴയിൽ നിന്നും വീണ്ടെടുത്തത് അപ്പുവിന്റ്റെ ജീവൻ മാത്രമല്ല, തന്റ്റെ കൊച്ചുമകൻ നിവിന്റ്റെ ജീവൻകൂടിയാണ്. ഇന്ന് അയാൾ ആ പുഴയിൽ ഇറങ്ങിയിരുന്നില്ലെങ്കിൽ, എട്ടുവയസ് മാത്രമുള്ള നിവിൻ ആ സാഹസം കാണിക്കുമായിരുന്നു എന്ന് വർഗ്ഗീസിനറിയം.
അപ്പു അവന്റ്റെ നായക്കുട്ടിയാണ്, സുഹൃത്താണ്, അവൻറ്റെ അമ്മയുടെ അവസാന സമ്മാനമാണ്.
വീടിനും ചുറ്റുമുള്ള ജാതിത്തോട്ടത്തിനും മുകളിൽ കനത്തകാർമേഘങ്ങൾ അടർന്നുവീഴുകയാണ്. വർഗ്ഗീസിൻറ്റെ മനസ്സിലും ഓർമ്മകൾ ഇരമ്പിപ്പെയ്തുകൊണ്ടേ ഇരുന്നു.
വർഗ്ഗീസിന്റ്റെയും ആലീസിന്റ്റെയും ഏക മകളാണ് എൽസ. വർഗ്ഗീസിൻറ്റെ കുടുംബത്തിൽ രണ്ട് തലമുറകൾക്ക് ശേഷമുണ്ടായ ആദ്യത്തെ പെണ്‍കുട്ടി. അതേ കാരണത്താൽ തന്നെ കുടുംബത്തിലെ എല്ലാവരുടെയും വാത്സല്ല്യപുത്രിയും. എൽസയുടെ മകനാണ് നിവിൻ. അമ്മക്ക് കിട്ടിയിരുന്ന വാത്സല്ല്യം അങ്ങിനേ മകനിലേക്കും ചൊരിയപ്പെട്ടു, ഒരുപക്ഷേ അൽപ്പം ആധിഖ്യത്തോടെ.
വിവാഹശേഷം എൽസ എറണാകുളത്ത് ഭർതൃഗൃഹത്തിലായിരുന്നു താമസം. അവർക്ക് രണ്ടുപേർക്കും ജോലിയും അവിടെത്തന്നെ. എൽസ ടീച്ചറായിരുന്നു. ഭർത്താവ് ഒരു കെമിക്കൽ ഫാക്ടറിയിലെ എഞ്ചിനിയറും. അവധിക്കാലങ്ങളിൽ എൽസ മകനുമൊത്ത് വീട്ടിൽ വന്നു നിൽക്കുന്നത് പതിവായിരുന്നു. അമ്മ കൂടെയില്ലെങ്കിലും, അപ്പാച്ചിക്കും അമ്മച്ചിക്കും ഒപ്പം നിൽക്കാൻ കൈകുഞ്ഞായിരിക്കുമ്പോൾ തൊട്ടേ അവനു പ്രശ്നമൊന്നുമില്ല. ദൈവം അവനുകൊടുത്ത ഒരു വരമായിരിക്കും അത്.
വര്ഗ്ഗീസിന്റ്റെ കുടുംബത്തിന്റ്റെയാണ് ആ പ്രദേശം മുഴുവൻ. അവർ നാല് സഹോദരങ്ങളാണ് അവിടെ താമസിക്കുന്നതും. മക്കളെല്ലാം സ്വന്തം കാര്യം നോക്കി പലയിടങ്ങളിലേക്കായി പോയി, വൃദ്ധരുടെ താഴ്വരയായ അവിടെ ഒരു വസന്തമായിരുന്നു നിവിൻ.
നിവിന്റ്റെ നാലാമത്തെ പിറന്നാൾ ഇവിടെവച്ചാണ് ആഘോഷിച്ചത്. അവനെ ദിവസങ്ങൾക്കുമുൻപേ അപ്പാച്ചി കൂട്ടിക്കൊണ്ട് വന്നിരുന്നു. ആഘോഷപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. പിറന്നാൾ ദിവസം രാവിലെയാണ് എൽസയും ഭർത്താവും കുടുംബസമേതം വന്നത്.
അലങ്കരിച്ച വീടിനുള്ളിൽ അരയാഭരണം മാത്രം അണിഞ്ഞുനിന്ന നിവിനെ, എൽസ വാരിപ്പുണർന്നു ചുംബിച്ചിട്ട് ഒരു ചെറിയ ചൂരൽ കൂട അവന്റ്റെ മുൻപിലേക്ക് വച്ചു.
"അമ്മ മോന് കൂട്ടിന് ഒരാളെ കൊണ്ടന്നിട്ടുണ്ട്.
എപ്പഴും മോനോര് നല്ല ഫ്രാണ്ടയിരിക്കും"
എൽസ കൂട തുറന്നു. നല്ല മിനുത്ത കറുപ്പോടെ, ഉരുണ്ട ഒരു സുന്ദരൻ നായക്കുട്ടി. നിവിന്റ്റെ കണ്ണുകൾ തിളങ്ങി. നിമിഷങ്ങൾക്കുള്ളിൽ അവൻ തന്നെ അതിന് 'അപ്പു' എന്ന് പേരുമിട്ടു.
പിറന്നാളാഘോഷങ്ങൾ മുറപോലെ നടന്നു.
ഒരു വേളാങ്കണ്ണി യാത്രക്കുള്ള തയ്യാറെടുപ്പോടെയാണ് എൽസയും ഭർത്താവും കുടുംബവും വന്നിരുന്നത്. അടുത്ത ദിവസം തന്നെ യാത്രതിരിക്കാനും തീരുമാനിച്ചിരുന്നു. രാത്രി കിടക്കാൻ പോകുന്നതിനുമുൻപ് ആലീസ് ചോദിച്ചിരുന്നു നിവിനേകൂടെ കൊണ്ടുപോയ്ക്കൂടെ എന്ന്.
"കുറേ ദൂരമില്ലെ... അവൻ തളരും.
അതുകൊണ്ട് വേണ്ട"
എന്നായിരുന്നു എൽസയുടെ മറുപടി.
കട്ടിലിനും ചുമരിനും ഇടയിലെ ഇടുക്കിൽ കൂടവച്ചു അപ്പുവിനെ അതിൽ കിടത്തി. അമ്മക്കും അപ്പക്കും ഇടയിൽ ചൂടുപറ്റിക്കിടന്ന് നിവിനും ഉറങ്ങി.
രാവിലെ വേളാങ്കണ്ണിക്ക് പുറപ്പെടും മുൻപേ എല്ലാവരും നിവിന് മുത്തം നൽകി. വണ്ടിയെടുത്തപ്പോൾ,എന്തുകൊണ്ടോ, എൽസയുടെ കണ്ണു കലങ്ങിയിരുന്നു.
അന്ന് പോയവരാരും തിരിച്ചുവന്നില്ല.
ഇടക്ക് നിവിൻ ചോദിക്കുമ്പോഴോ, കുസൃതികാണിക്കുമ്പോഴോ, അവനെ സമാദാനിപ്പിക്കാൻ പറയും
'സ്വർഗ്ഗത്തിലേക്ക് പോയിരിക്കുവാണ്',
'സ്വർഗ്ഗത്തിലിരുന്ന് അവര് ഇതൊക്കെ കാണുന്നുണ്ട്', 'സ്വർഗ്ഗത്തിലിരുന്നൽ അവർക്ക് എല്ലാം അറിയാം', എന്നെല്ലാം.
ചിന്തകൾക്ക് മുറിവേല്പ്പിച്ചുകോണ്ട് വൈദ്യുതി നിലച്ചു. വർഗ്ഗീസ് ഓർമ്മകളുടെ ചുറ്റുപിണയലുകളിൽ നിന്നും പുറത്ത് വന്നു. വെളിയിലിപ്പോൾ ചാറ്റൽ മഴയെ ഉള്ളു.
കിടപ്പുമുറിയിൽനിന്നും ഇരുട്ടിനെ കീറിമുറിക്കുന്ന മെഴുകുതിരി വെളിച്ചവുമായി ആലീസ് വന്നു.
"ആലീസുറങ്ങിയില്ലെ..."
" ഉറക്കം വന്നില്ല"
"നിവിക്കുട്ടൻ ഉറങ്ങിയോ?"
"ഉറങ്ങി"
"ഞാൻ ഓരോന്നാലോചിച്ച് ഇരിക്കാര്ന്നു "
"ഞാനും എന്തൊക്കെയോ ആലോചിക്കാര്ന്നു "
എന്തുകൊണ്ടോ രണ്ടുപേർക്കും സംസാരിക്കാൻ വാക്കുകളില്ലാതായിരിക്കുന്നു. ഇലപ്പടർപ്പുകളിലൂടെ ഇടറിവീഴുന്ന ജലകണങ്ങളുടെ താളംതെറ്റിയ സംഗീതവും, കണ്മുൻപിൽ ഉരുകി തീരുന്ന മെഴുകുതിരിയും അവരുടെ മാനസികാവസ്തയെ ഉപമിച്ചുകൊണ്ടിരുന്നു.
അകത്ത് മുറിയിൽനിന്നും അടക്കിപ്പിടിച്ച ഒരു തേങ്ങൽ. മെഴുകുതിരിവെട്ടം ആ മുറിയിലേക്ക് നീണ്ടു. കട്ടിലിനും ചുമരിനും ഇടയിൽ വിരിച്ചിട്ട ഒരു വിരിയിൽ അപ്പു ഉണർന്നു കിടക്കുന്നുണ്ട്. കട്ടിലിൽ നിവിനും ഉണർന്ന് കിടക്കുന്നു. അവൻറ്റെ കണ്ണുകൾ നിറഞ്ഞു നീർച്ചാലുകൾ ഉണ്ടായിരിക്കുന്നു.
അപ്പാച്ചിയും അമ്മച്ചിയും അവൻറ്റെ രണ്ടു വശങ്ങളിലായി കിടന്നു.
"എന്താ നിവിക്കുട്ടാ.... എന്തിനാ കരയണേ....
അപ്പാച്ചിയോടു പറ.."
അടക്കിപ്പിടിക്കാൻ പാടുപെട്ടുകൊണ്ട് അവൻ ചോദിച്ചു
"മരിച്ച് പോയാൽ അപ്പുവും സ്വർഗ്ഗത്തിൽ പോകുമോ...?
മനുഷ്യര് മാത്രേ സ്വർഗ്ഗത്തിൽ പോകു...?"
'ഇതിന് എന്തുത്തരം പറയും...
ഇവന് ഇപ്പോൾ 'മരണം' എന്തെന്നറിയാം ...
സ്വർഗ്ഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ല...
പക്ഷേ "സ്വർഗ്ഗം" എന്ന സങ്കല്പ്പം ഇവനെ ആശ്വസിപ്പിക്കുമെങ്കിൽ, അതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു'
"നല്ലവരെല്ലാരും സ്വർഗ്ഗത്തിൽ പോവും.
അപ്പു നല്ലതല്ലേ...."
"ഉം...."
"അപ്പൊ അപ്പുവും സ്വർഗ്ഗത്തിൽ പോവും"
നിവിനെ നെഞ്ചോടുചേർത്ത് വർഗ്ഗീസ് മെഴുകുതിരി ഊതി. മുറിയിൽ നിറഞ്ഞ ഇരുളിൽ അവരും അലിഞ്ഞു ചേർന്നു .
-ഹരികൃഷ്ണൻ ലോഹിതദാസ്